ഒരു മാസത്തിനകം കാട്ടാമ്പള്ളി,പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രങ്ങൾ നാടിനു സമർപ്പിക്കും: ഡിടിപിസി
പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങൾ ഒരു മാസത്തിനകം പൂർണ തോതിൽ പ്രവർത്ത സജ്ജമാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും പുതിയ ഏജൻസി കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പുല്ലൂപ്പിക്കടവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നൽകിയ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ മാത്രമാണ് തുറന്നു കൊടുക്കാൻ ഉള്ളത്.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ടെക്‌നിക്കൽ കമ്മിറ്റി പരിശോധന നടത്തി മാത്രമേ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകൾ തുറക്കാൻ കഴിയു എന്നതിനാൽ ആണ് പ്രസ്‌തുത അനുമതി വൈകിയിട്ടുള്ളത്. നിലവിൽ, വാക്ക് വേ , ഇരിപ്പിട സൗകര്യങ്ങൾ, ടോയ്‌ലറ്റ് എന്നിവ അടക്കമുള്ളവ സഞ്ചാരികൾക്ക് തുറന്നു നൽകിയിട്ടുണ്ട്. കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രത്തിന്റെ നടത്തിപ്പ് നേരത്തെ ഏറ്റെടുത്ത കരാറുകാരൻ കരാർ തുടർന്ന് പോകാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് ആണ് പുതിയ കരാർ വിളിക്കേണ്ടി വന്നത്.
പുല്ലൂപ്പി കടവിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെ 47000 സന്ദർശകർ പ്രസ്‌തുത കേന്ദ്രത്തിൽ എത്തി ചേർന്നിട്ടുണ്ട്.ഈ കാലയളവിൽ പ്രസ്‌തുത കേന്ദ്രത്തിൽ നിന്നുള്ള വരുമാനം 8,25,630 രൂപയാണെന്നും അറിയിച്ചു.