ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സ്നേഹപൂർവ്വം പ്രോത്സാഹനവും പിന്തുണയും നൽകിയാൽ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (യു ഡി ഐ ഡി) നൽകുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരെ വീടിനുള്ളിൽ തന്നെ നിർത്താതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുടുംബാംഗങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ തൻമുദ്ര സവിശേഷ തിരിച്ചറിയിൽ കാർഡ് രജിസ്ട്രേഷൻ ക്യാമ്പുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അങ്കണവാടി തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എൻ എസ് എസ് അംഗങ്ങൾക്ക് പരിശീലനം നൽകും.
യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, കെ എസ് എസ് എം ജില്ലാ കോ ഓർഡിനേറ്റർ കെ അനീഷ് തുടങ്ങിയവർ സംസാരിച്ചു.