നടുവിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു;  ഒരു ഫാമിലെ മുഴുവൻ പന്നികളെയും ഉൻമൂലനം ചെയ്യാൻ ഉത്തരവ്

നടുവിൽ ഗ്രാമപഞ്ചായത്തിലെ മണ്ടളം പി സി ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽആഫ്രിക്കൻപന്നിപ്പനിസ്ഥിരീകരിച്ചു. ഈ ഫാമിലെ മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടുു. പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കലക്ടർ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് ജില്ലാ കലക്ടർ നിരോധിച്ചു.

പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ച്റിപ്പോർട്ട് ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസറോട് നിർദേശിച്ചു. ഈ പ്രവൃത്തി വ്യാഴാഴ്ച ചെയ്യുമെന്ന് മൃസംരക്ഷണ വകുപ്പ് അറിയിച്ചു. നടുവിൽ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസർസമർപ്പിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും ആർടിഒയുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.

നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കും.

പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നൽകേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.
ജില്ലയിലെ മറ്റ് ഭാഗങ്ങളിൽപന്നിപ്പനിവൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ആപ്പീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണം. ഫയർ ആന്റ് റെസ്‌ക്യൂ സർവീസിന്റെ നേതൃത്വത്തിൽ ഫാമുകളിൽ അണുവിമുക്തമാക്കാനുള്ള പ്രവർത്തനം നടത്താനും കലക്ടർ നിർദേശിച്ചു.

About The Author