നെടുംപൊയിൽ ചുരത്തിൽ അനിശ്ചിത കാലത്തേക്ക് നിരോധനം
നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിലെ വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് പൂർണമായി നിരോധിച്ചതിലൂടെ കണ്ണൂർ വയനാട് ജില്ലകളിലേക്ക് പ്രതിദിനം യാത്ര ചെയ്തിരുന്ന വിദ്യാർഥികളും ജോലിക്കാരും ദുരിതത്തിലായി. ചുരത്തിലെ നാലാമത്തെ വളവിന് സമീപം സോയിൽ പൈപ്പിങിന് സമാനമായ രീതിയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെടുകയും റോഡിന്റെ വശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയടക്കം അകന്ന് പോകുകയും ചെയ്തതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്.
റോഡ് ഇടിഞ്ഞ് താഴുന്നതായി കണ്ടെത്തിയതോടെ ജൂലൈ 30-ന് റോഡ് അടച്ചു. ചെറു വാഹനങ്ങൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത വിധമാണ് റോഡിൽ വിള്ളലുള്ളത്. ഇപ്പോൾ ടാക്സി സർവീസുകളെ ആശ്രയിച്ച് പേരാവൂരിലും കൊളക്കാടും നെടുംപൊയിലും എത്തി അധിക ദൂരം സഞ്ചരിച്ചാണ് നാട്ടുകാർ ആവശ്യങ്ങൾ നിറവേറ്റുന്നത്. കനത്ത മഴ ഇനിയും ഉണ്ടാകുമെന്ന ഭീതിയാണ് പണികൾ സംബന്ധിച്ച് തീരുമാനം എടുക്കാൻ വൈകുന്നതിന് കാരണം എന്നാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.