ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി

0

ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ട് വരെ നടത്തപ്പെടുന്ന ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ   ജില്ലാതല ഉദ്ഘാടനം സ്‌കൂൾ ഓഫ് നഴ്‌സിംഗ്, കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. ഡിഎംഒ (ആരോഗ്യം) ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ആറ്റടപ്പ ദേശോദ്ധാരണ വായനശാല പ്രതിനിധികളിൽ നിന്നുള്ള നേത്രദാന സമ്മത പത്രം എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ ഏറ്റുവാങ്ങി.

ഡിഎംഒ നയന ദീപം കൊളുത്തി. തുടർന്ന് നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പാൾ ബിജി വർഗീസ് നേത്ര ദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ദേശീയ അന്ധത വൈകല്യ നിയന്ത്രണ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച  ഒപ്‌റ്റോമെട്രിസ്റ്റുകൾ, യു കെ യിലെ കാർഡിഫ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒപ്‌റ്റോമെട്രിയിൽ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കിയ അഴീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ടിഎൻ അഞ്ജു എന്നിവരെ ആദരിച്ചു. ജില്ലാ മൊബൈൽ ഓഫ്താൽമിക് സർജൻ ഡോ. രാജേഷ് ഒ. ടി ബോധവൽക്കരണ ക്ലാസ് നയിച്ചു.

ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ രേഖ കെ ടി, ആർദ്രം നോഡൽ ഓഫീസർ ഡോ. ബിജോയ് സി പി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ ടി സുധീഷ്, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ജയകുമാർ, ജില്ലാ ഒപ്‌റ്റോമെട്രിക് കോ ഓർഡിനേറ്റർ ശ്രീകല കുമാരി എന്നിവർ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ,ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

എന്താണ് നേത്രദാനം

മരണ ശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണം സംഭവിച്ച് നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ കണ്ണിന്റെ കോർണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നും നേത്രപടലാന്ധത യുള്ളവർക്ക് നല്കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവർക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കുമെല്ലാം കണ്ണുകൾ ദാനം ചെയ്യാം. എന്നാൽ രക്താർബുദം ബാധിച്ചവർക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ്, എയ്ഡ്‌സ്, പേവിഷബാധ എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ടവർക്കും കണ്ണുകൾ ദാനം ചെയ്യാൻ കഴിയില്ല.


ഏതു പ്രായത്തിലുള്ളവർക്കും നേത്രദാനത്തിന് രജിസ്റ്റർ ചെയ്യാം. മെഡിക്കൽ  കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്.

നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികൾ കടന്നു പോകാൻ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത. കണ്ണിനെ ബാധിക്കുന്ന ചില അണുബാധകൾ, രാസവസ്തുക്കൾ മൂലമുള്ള പരിക്കുകൾ, മുറിവുകൾ, പൊള്ളൽ, വൈറ്റമിൻ എ യുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങൾ. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവിൽ തുന്നിപിടിപ്പിക്കുന്ന കെരറ്റോപ്ലാസ്റ്റി എന്ന ശാസ്ത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ആഗസ്ത് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന  പക്ഷാചരണം നടത്തുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *