കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പുതിയ തീവ്ര പരിചരണ വിഭാഗം; 21.75 കോടി രൂപയുടെ ഭരണാനുമതി
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ യൂണിറ്റ്) തുടങ്ങുന്നതിന് 21.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. 50 കിടക്കകൾ ഉൾപ്പെടെ 46373.25 ചതുരശ്ര അടിയിൽ അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തിന്റെ നിർമാണത്തിന് സർക്കാർ ഏജൻസിയായ ഇൻങ്കലിനാണ് ചുമതല.
ലോവർ ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ, രജിസ്ട്രേഷൻ കൗണ്ടർ, ഫാർമസി, എട്ട് ഒ.പി മുറി, സാമ്പിൾ ശേഖരണ മുറി, എക്സ്റേ, കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് സൗകര്യങ്ങൾ, ലിഫ്റ്റ് തുടങ്ങിയവയും, ഗ്രൗണ്ട് ഫ്ലോറിൽ ഒബ്സർവേഷൻ മുറി, മൈനർ പ്രൊസീജർ മുറി, മെറ്റേണിറ്റി വാർഡ്-2, നവജാത ശിശു തീവ്ര പരിചരണ യൂണിറ്റ്, ഒപ്പറേഷൻ തിയേറ്റർ, 10 ഐ സി യു ബെഡ്, ആറ് എച്ച് ഡി യു ബെഡ്, ഉപകരണ സൂക്ഷിപ്പ് കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഫയർ കൺട്രോൾ മുറി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. ഒന്നാം നിലയിൽ 24 വാർഡുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഐസൊലേഷൻ റൂം, പി ജി ഡോർമെട്രി, കോൺഫറൻസ് ഹാൾ, ക്ലാസ് റൂം, നഴ്സിങ് സ്റ്റേഷൻ, കൂട്ടിയിരിപ്പുകാർക്കുള്ള കേന്ദ്രം തുടങ്ങിയവയും ഉണ്ടാകും.