ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പറന്നുയര്‍ന്ന ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഇതോടെ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകമാണ് (എസ്എസ്എല്‍വി) സജ്ജമായത്.

 

500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വികസിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചത്. 120 ടണ്‍ ആണ് ഇതിന്റെ ലിഫ്റ്റ് ഓഫ് മാസ്.

2022 ഓഗസ്റ്റില്‍ നടന്ന ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും 2023 ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ ദൗത്യം ലക്ഷ്യം കണ്ടിരുന്നു. മൂന്നാമത്തെ വിക്ഷേപണമാണ് ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഏജന്‍സിയുടെ ഏറ്റവും പുതിയ മൈക്രോ സാറ്റലൈറ്റായ EOS-08 വഹിച്ച് കൊണ്ടാണ് കുഞ്ഞന്‍ റോക്കറ്റ് പറന്നുയര്‍ന്നത്. ഭൂമി നിരീക്ഷണത്തിനായാണ് ഉപഗ്രഹ വിക്ഷേപണം.

ഒരു വര്‍ഷത്തെ ദൗത്യമാണ് ഉദ്ദേശിക്കുന്നത്. ഒരു മൈക്രോ സാറ്റലൈറ്റ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.EOS-08 ന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണം, ദുരന്തം/പരിസ്ഥിതി നിരീക്ഷണം, തുടങ്ങി വിവിധ ദൗത്യങ്ങള്‍ക്കായി രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത മൂന്ന് പേലോഡുകളും വഹിച്ചാണ് റോക്കറ്റ് പറന്നുയര്‍ന്നത്. 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഉറപ്പിച്ച ഉപഗ്രഹത്തിന് ഒരു വര്‍ഷത്തെ ദൗത്യമുണ്ട്. ഇതിന് ഏകദേശം 420 W വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

About The Author