പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം : മുഖ്യപ്രതി പിടിയിൽ
കണ്ണൂർ പാപ്പിനിശ്ശേരി പാറക്കടവിൽ അനധികൃത മണൽകടത്ത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പാപ്പിനിശ്ശേരി സ്വദേശി കെ.പി. മുഹമ്മദ് ജാസിഫിനെയാണ് (38) വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 25ന് പുലർച്ച മൂന്നിനായിരുന്നു സംഭവം.
സ്കൂട്ടറിൽ മണൽകടത്ത് പിടികൂടാൻ എത്തിയ വളപട്ടണം സ്റ്റേഷനിലെ എസ്.ഐ ടി.എം. വിപിൻ, സി.പി.ഒ കിരൺ എന്നിവരെയാണ് മണൽകടത്തുകാർ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പൊലീസിനെ തിരിച്ചറിഞ്ഞതോടെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റോഡിലേക് തെറിച്ചുവീണ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണൽ കടത്തുകാരൻ റസാക്കിനും ലോറി ഡ്രൈവർക്കുമെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ സഹായിച്ച രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി. മയ്യിൽ നണിയൂർ നമ്പ്രത്തെ എം. മൊയ്തീൻകുട്ടി (38), കമ്പിൽ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ (24) എന്നിവരാണ് അറസ്റ്റിലായത്.