വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിoഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഇടപെടൽ.ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.നിയമനിർമ്മാണം അടക്കമുള്ള, കാര്യങ്ങൾ പരിശോധിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിർദേശം നൽകി. കേരളത്തിൻ്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ്.
ഇവിടെ സുസ്ഥിര വികസനമടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനിർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഇനിയും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമനിർമ്മാണ സഭയും, എക്സിക്യൂട്ടിവും, ജൂഡീഷ്യറിയും കൂട്ടായി ആലോചിച്ച് തിരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു. നാളെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.