സാമ്പത്തികബാധ്യത: പാലക്കാട് കൈപ്പഞ്ചേരിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട് വീണ്ടും കർഷകൻ ജീവനൊടുക്കി. നെന്മാറ അയിലൂരിൽ കർഷകൻ ജീവനൊടുക്കി. അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ (58) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് വീടിന് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സോമനെ ബന്ധുക്കൾ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നു സോമൻ. കൃഷി നശിച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന വായ്പ തിരിച്ചടവുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നുവെന്നും ഇതുകൊണ്ടായിക്കാം സോമൻ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. ജില്ലാ ആശുപത്രിയിൽ വെച്ചായിരിക്കും പോസ്റ്റ്‌മോര്‍ട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തുക. അതിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയെന്നാണ് വിവരം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

About The Author