ദുരിതാശ്വാസ നിധി സംബന്ധിച്ച് വി ഡി സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.
നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്.