എഗ് പഫ് അഴിമതി: വൈഎസ്ആർ കോൺഗ്രസിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ടിഡിപി നേതാക്കൾ
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി മുട്ട പഫ്സ് വാങ്ങുന്നതിനായി ചെലവഴിച്ചത് കോടികളെന്ന് റിപ്പോർട്ട്. ഭരണകാലയളവിൽ തന്റെ സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങുന്നതിനായാണ് പണം ചെലവഴിച്ചത്. ഇത് കോടികളെന്നാണ് റിപ്പോർട്ട്. ഭരിച്ച അഞ്ച് വർഷകാലയളവിനുള്ളിലാണ് ഈ അഴിമതി. ജഗൻ മോഹൻ റെഡ്ഡിയുടെ ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിക്കടുത്തുള്ള തഡെപള്ളിയിലെ എസ്റ്റേറ്റിലെത്തുന്ന സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങാനായാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് 3.62 കോടിചെലവഴിച്ചത് .ഇത് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആരോപണമാന്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ധനകാര്യ വകുപ്പ് ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.
ലഘുഭക്ഷണത്തിനായി ചെലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാർട്ടി വെല്ലുവിളിച്ചു.‘എഗ് പഫ് അഴിമതി’ അന്വേഷിക്കണമെന്നും വൈഎസ്ആർ കോൺഗ്രസിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും ടിഡിപി നേതാക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ആരോപണം പാർട്ടിയെ അപകീർത്തിപ്പെടുത്താനാണെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ പ്രതികരണം. എതിരാളികളുടെ പ്രചാരണത്തെ വാർത്തകളാക്കി മാറ്റാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ എന്നും, തൻ്റെ പാർട്ടിക്കെതിരായ ആരോപണം ടിഡിപി തെളിയിക്കണമെന്നും മുൻ വൈഎസ്ആർ കോൺഗ്രസ് മന്ത്രിയായ പെർനി നാനി ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഉയർന്ന വിമർശനങ്ങൾ വ്യാജ തന്ത്രമാണെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ അധികാരത്തിലേറിയതു മുതൽ ജഗൻ മോഹൻ റെഡ്ഡിക്കും വൈഎസ്ആർ കോൺഗ്രസിനുമെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്. ജഗൻ തൻ്റെ റെസിഡൻഷ്യൽ എസ്റ്റേറ്റിൽ സുരക്ഷ സംവിധാനത്തിനായി അധിക തുക ചിലവഴിച്ചതും വിശാഖപട്ടണത്തിനടുത്തുള്ള ഋഷിക്കൊണ്ട പാലസിനായി സർക്കാർ ചെലവിൽ കോടികൾ മുടക്കിയതും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.