ടെലിമാര്‍ക്കറ്റിങ് കോളുകളില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം; നടപടിയുമായി ട്രായ്
സ്പാം കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി കടുപ്പിച്ച് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. രണ്ടു വര്‍ഷ വിലക്ക് അടക്കമുള്ള പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
അടുത്ത മാസം മുതല്‍ സ്പാം കോളുകള്‍ ചെയ്യുന്നതിനായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഏതൊരു സ്ഥാപനവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സേവന ദാതാവ് ഇവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ ടെലികോം സേവനങ്ങളും ഉടനടി വിച്ഛേദിക്കുന്നതാണ്. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ ടെലികോം കമ്പനികള്‍ രണ്ട് വര്‍ഷത്തേയ്ക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ട്രായിയുടെ വ്യവസ്ഥയില്‍ പറയുന്നു.SIP/PRI ലൈനുകള്‍ ദുരുപയോഗം ചെയ്യുന്ന സ്പാമര്‍മാര്‍ക്കെതിരെയുള്ള നടപടി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ട്രായ്. ആവശ്യപ്പെടാതെ തന്നെ വരുന്ന ടെലിമാര്‍ക്കറ്റിങ് കോളുകളില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാന്‍ ഇത് സഹായിക്കുമെന്നും ട്രായ് കണക്കുകൂട്ടുന്നു.
കൂടാതെ, വൈറ്റ്ലിസ്റ്റ് ചെയ്യാത്ത URL-കളോ APK-കളോ അടങ്ങിയ സന്ദേശങ്ങളൊന്നും അയക്കാന്‍ അനുവദിക്കില്ല. ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നടപടി. തട്ടിപ്പ് ലിങ്ക് ആണ് എന്ന് അറിയാതെ കെണിയില്‍ വീഴുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ട്രായ് ഇടപെടല്‍. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് ടെലിമാര്‍ക്കറ്റിങ് ചെയിനുമായി ബന്ധപ്പെട്ട് സാങ്കേതിക പരിഷ്‌കരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക പരിഷ്‌കരണത്തിന് ഒക്ടോബര്‍ 31 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്.