മുണ്ടക്കൈ ദുരന്തം; പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകില്ല; മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി  ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ളതെരച്ചിലാണ് ഇതുവരെയും നടത്തിയത്. ഇതിന്‍റെ ഭാഗമായി ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്‍റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്.
സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് ഇന്ന് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്.  സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയിലേക്ക്, പ്രത്യേകിച്ചും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായി എത്തിപ്പെടാന്‍ കഴിയാതിരുന്ന സണ്‍റൈസ് വാലിയിലേക്ക് തെരച്ചില്‍ സംഘത്തെ ഹെലികോപ്റ്ററിലാണ് എത്തിക്കുന്നത്. പരിശോധിക്കാത്ത ഒരു പ്രദേശവും ഈ മേഖലയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. തെരച്ചിലിനായി നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് വലിയ സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇന്നലെ  തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹവുമാണ് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം  ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു.
ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തി ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്.  പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡി.എന്‍.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
ഉരുള്‍പൊട്ടലില്‍   അകപ്പെട്ടവരെ സ്കൂള്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍  നടപടി സ്വീകരിക്കും.
വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും.
ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍  പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.
ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും.
തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ (ആര്‍മി, നേവി, എയര്‍ ഫോഴ്സ്) തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിന്‍റെ (ഐ.എം.സി.ടി) സന്ദര്‍ശനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റിലീഫ് കമ്മീഷണറെ ചുമതലപ്പെടുത്തി.
ഉരുള്‍പൊട്ടല്‍ ബാധിത മേഖലകളിലെ ക്രമസമാധാന പരിപാലനം ശക്തിപ്പെടുത്തേണ്ടതാണ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പോലീസ് ഉറപ്പാക്കും.
പൊതു കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ നാശനഷ്ടം  വിലയിരുത്തിപൊതുമരാമത്ത് വകുപ്പ്  റിപ്പോര്‍ട്ട്  സമര്‍പ്പിക്കുന്നതിനൊപ്പം   ‘ദുരന്താനന്തര ആവശ്യങ്ങളുടെ   വിലയിരുത്തല്‍’ (Post Disaster Needs Assessment)  ദുരന്ത നിവാരണ അതോറിറ്റി നടത്തും.
ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ ആറ് സെക്ടറുകളായി തിരിച്ചുള്ള തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേരെയാണ് വിന്യസിച്ചത്. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പൊലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവയുടെ ഡോഗ് സ്ക്വാഡ് തെരച്ചിലിന് രംഗത്തുണ്ട്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെതൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍  ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.  തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന്  പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചില്‍ മേഖലയിലും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഭക്ഷണ വിതരണം. തെരച്ചില്‍ നടത്തുന്ന മേഖലകളില്‍ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും ഇന്നലെ വിതരണം ചെയ്തു.
ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു.  ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്നും അവശ്യവസ്തുക്കള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ഗ്യാസ് ഏജന്‍സികള്‍ക്ക്  നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തബാധിതര്‍ക്കായി കൗണ്‍സലിംഗ് സേവനം നല്‍കി വരുന്നു. 2391 പേര്‍ക്ക് ഇതുവരെ കൗണ്‍സിലിങ് നല്‍കി. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണും സിം കാര്‍ഡും കണക്ടിവിറ്റിയും നല്‍കും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുണ്ടക്കൈ,  ചൂരല്‍മല ദുരന്ത ബാധിത മേഖലയില്‍ 24 മണിക്കൂറും മൊബൈല്‍ പൊലീസ് പട്രോളിംഗും ശക്തിപ്പെടുത്തി. നഷ്ടമായ രേഖകളുടെ വിവരശേഖരണം നടന്നു വരുന്നു. രേഖകള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷന്‍, പഞ്ചായത്തുകള്‍ എന്നിവയെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനമൊരുക്കും. സര്‍ട്ടിഫിക്കറ്റുകളുടെ വീണ്ടെടുപ്പ് സുഗമമാക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ആലോചിക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ څകുട്ടിയിടംچ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികളെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളില്‍ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.
കൗണ്‍സിലിങ്ങിനൊപ്പം ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്കുകള്‍ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
 ദുരന്തബാധിതരുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ക്യാമ്പ് മാറുന്ന മുറയ്ക്ക് ക്ലാസുകള്‍ ആരംഭിക്കും  ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എല്‍ പി സ്ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് നോഡല്‍ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കും.  കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും.
സപ്തംബര്‍  2 മുതല്‍  12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളില്‍ മാറ്റിവെച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. സ്കൂളുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കും. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്കൂള്‍ ബാഗും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാം ഉള്‍പ്പെടുന്ന സ്ക്കൂള്‍ കിറ്റ് നല്‍കും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.
സമഗ്ര പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പ് രൂപപ്പെടുമ്പോള്‍ വെള്ളാര്‍മല സ്കൂള്‍ അതേ പേരില്‍ തന്നെ പുനനിര്‍മ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടില്‍ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരമാണ്. കുട്ടികളടക്കം 24 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് മുകളിലെ ഭാഗത്ത് ഗുഹയില്‍ അഭയം തേടിയ കുടുംബത്തെ വനം വകുപ്പും പ്രത്യേക ക്യാമ്പില്‍ പരിചരിക്കുന്നുണ്ട്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ആദിവാസി കുടുംബങ്ങളെല്ലാം അതിജീവിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നൂറുകണക്കിന് ആംബുലന്‍സുകളാണ് തളരാതെ ഓടിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്ക് പ്രകാരം 237 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആരോഗ്യവകുപ്പിന്‍റെ രണ്ട് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും 10 ബെയ്സിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുമടക്കമുള്ള 36  ആംബുലന്‍സുകളും ദുരന്തമേഖലയില്‍ ഉണ്ട്.  ആവശ്യം അനുസരിച്ച്  ആംബുലന്‍സുകള്‍ക്ക് പാസ് നല്‍കി ദുരന്ത മേഖലയില്‍  പ്രവേശനം അനുവദിക്കും. ബാക്കിയുള്ളവ  മേപ്പാടി പോളിടെക്നിക് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യും. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്.
ദുരന്തമേഖലകളിലേക്കും ആശുപത്രികളിലേക്കും മൃതദേഹങ്ങളുടെ സംസ്കാരം നടക്കുന്ന പ്രദേശങ്ങളിലേക്കും ആംബുലന്‍സുകളുടെ സേവനം ആവശ്യമാണ്. നിരവധി ആംബുലന്‍സുകള്‍ സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. സന്ദിഗ്ധഘട്ടത്തില്‍ കൈത്താങ്ങായ ഇവരുടെ സേവനം അഭിനന്ദനാര്‍ഹമാണ്.
വയനാട് ദുരന്തത്തിന്‍റ രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കാന്‍ നിരവധി സന്നദ്ധപ്രവര്‍ത്തകരും  സംഘടനകളുമാണ് മുന്നോട്ടുവന്നത്. ജില്ലാ ഭരണസംവിധാനം ഒരുക്കിയ സംവിധാനത്തിലൂടെ 18,000  പേര്‍  വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5400 പേര്‍ വയനാട് ജില്ലയില്‍ നിന്ന് മാത്രമുണ്ട്.
ഓരോ ദിവസവും ആവശ്യാനുസരണം വോളണ്ടിയേഴ്സിനെ ദൗത്യസേനയുടെ നിര്‍ദ്ദേശപ്രകാരം  ദുരന്ത മേഖലകളില്‍ എത്തിക്കും. ആറു മേഖലകളായി തിരിഞ്ഞ് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 750 മുതല്‍ 1000 വരെ വോളണ്ടിയര്‍മാരാണ് ഒരു ദിവസം ഇറങ്ങുന്നത്.  ഇന്ന് 1126  പേര്‍ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ട്. ഇതിനു പുറമേ  140 ടീമുകളും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന്  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. ഇതിനെല്ലാം സഹായമായി സ്വയം സമര്‍പ്പിച്ച് മുന്നില്‍ നില്‍ക്കുന്ന യുവജനസംഘടനകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് മാത്രമായി 150 ലധികം ജീവനക്കാരെയാണ് നിയോഗിച്ചത്. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്നും ജീവനക്കാരുണ്ട്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റ്മാര്‍, ഹെഡ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ ആദ്യ ദിവസങ്ങളില്‍ മൂന്നും ഇപ്പോള്‍ രണ്ടും ഷിഫ്റ്റുകളായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് 60 ജീവനക്കാരാണ്  പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനത്തോടൊപ്പം ഇവരുടെ സേവനവും വിലമതിക്കാനാവാത്തതാണ്.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ ദുരന്തം നടന്ന അന്ന് മുതല്‍ വയനാട്ടിലുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് നേരിട്ട് ഇടപെടുകയാണ്.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണ്. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.  ഈ മേഖലയില്‍ നിന്നും 406 പേരെയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. അസം, മധ്യപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴില്‍ 321 പേരും  റാണിമല എസ്റ്റേറ്റ് മേഖലയില്‍ 28 തൊഴിലാളികളുമാണുള്ളത്.
ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ജില്ലാഭരണസംവിധാനം കൗണ്‍സിലിങും ഭക്ഷണവും ഉറപ്പാക്കുന്നുണ്ട്. തോട്ടം തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ലേബര്‍ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും.
മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ ക്യാമ്പ്ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണ്. മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു എന്നിവരാണ് സമിതി അംഗങ്ങള്‍. മറ്റ് മന്ത്രിമാരും വയനാട്ടിലെത്തി ബന്ധപ്പെട്ട മേഖലകളിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നുണ്ട്.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല,  അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കളില്‍ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിഎംഡിആര്‍എഫ്
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 30  മുതല്‍ ഇന്നലെ (05.08.2024 ) വൈകുന്നേരം 5  മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് അന്‍പത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് രൂപയാണ് (53,98,52,942 ). പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.
സമാനതകളില്ലാത്ത ഈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും  സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂള്‍ കോളേജുകളിലും  ജോലി ചെയ്യുന്നവരും  ഇതില്‍ പങ്കാളികളാവുകയാണ്.
സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കും എന്നാണ് പൊതുവിൽ ധാരണ. അതില്‍ കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തില്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെയാകാം.  തവണകളായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കി  പങ്കാളികളാകാം.
സന്നദ്ധത കാണിച്ച് സ്ഥാപനമേധാവികള്‍ക്കാണ് സമ്മതപത്രം നല്‍കേണ്ടത്. സ്പാര്‍ക്ക് മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാരിന്‍റെ നിര്‍ബന്ധമല്ല, ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന നല്ല മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അങ്ങനെ തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ മുന്നോട്ടു വരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.
ഇന്ന് ലഭിച്ച ചില സഹായങ്ങള്‍
കെ എസ് എഫ് ഇ മാനേജുമെന്‍റും ജീവനക്കാരും ചേര്‍ന്ന്   അഞ്ചു കോടി രൂപ.
സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ സംഭാവന ഒരു കോടി രൂപ സംസ്ഥാന
സെക്രട്ടറി ബിനോയ് വിശ്വം എല്‍പിച്ചു.
കാനറ ബാങ്ക്  ഒരു കോടി രൂപ.
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍  രണ്ട് കോടി രൂപ.
കെ എഫ് സി മാനേജുമെന്‍റും ജീവനക്കാരും ചേര്‍ന്ന്  1.25 കോടി രൂപ.
എ ഐ എ ഡി എം കെ  ഒരു കോടി രൂപ.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി  25 ലക്ഷം രൂപ.
കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍  25 ലക്ഷം രൂപ.
കെ ജി ഒ എ സംസ്ഥാന കമ്മിറ്റി  10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
ചലച്ചിത്ര താരം സൗബിന്‍ ഷാഹിര്‍  20 ലക്ഷം രൂപ.
കേരള എക്സ് സര്‍വ്വീസ് മെന്‍ ഡെവലപ്പ്മെന്‍റ് ആന്‍റ് റീ ഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍  15 ലക്ഷം രൂപ.
ചേര്‍ത്തല ആന്‍റണീസ് അക്കാദമി  10 ലക്ഷം രൂപ.
ഫ്ളോര്‍ മില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  10 ലക്ഷം രൂപ.
ശ്രീ ദക്ഷ പ്രോപര്‍ട്ടി ഡവലപ്പേഴ്സ് ലിമിറ്റഡ്  10 ലക്ഷം രൂപ.
കേളി സാംസ്കാരിക വേദി, സൗദി അറേബ്യ  10 ലക്ഷം രൂപ.
നവോദയ സാംസ്കാരിക വേദി, സൗദി അറേബ്യ  10 ലക്ഷം രൂപ.
കേരള സംസ്ഥാന പവര്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  15 ലക്ഷം രൂപ.
കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  10 ലക്ഷം രൂപ.
മൂവാറ്റുപുഴ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്  10 ലക്ഷം രൂപ.
അനര്‍ട്ട്  10 ലക്ഷം രൂപ.
പി എം എസ് ഡെന്‍റല്‍ കോളേജ്  11 ലക്ഷം രൂപ.
നെടുമങ്ങാട് മുന്‍സിപ്പാലിറ്റി  10 ലക്ഷം രൂപ.
ലക്ഷദ്വീപിലെ അദ്ധ്യാപകര്‍  8 ലക്ഷം രൂപ.
ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആദ്യ ഗഡു  14.5 ലക്ഷം രൂപ.
മുന്‍ മന്ത്രി ടി കെ ഹംസ  രണ്ട് ലക്ഷം രൂപ.
അന്തരിച്ച നടന്‍ ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസ്  ഒരു ലക്ഷം രൂപ.
മുന്‍ എം എല്‍ എ പ്രകാശ് ബാബു ഒരു മാസത്തെ പെന്‍ഷന്‍  25,000 രൂപ.
മുന്‍ കെ പി സി സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള  36,500 രൂപ.
മുന്‍ എംപി, എന്‍.എന്‍ കൃഷ്ണദാസ് ഒരു മാസത്തെ പെന്‍ഷന്‍ 40000 രൂപ.
രഞ്ജി ക്രിക്കറ്റ് താരം ഷോണ്‍ റോജര്‍  62,000 രൂപ.
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ഒരുകോടി.
കെഎസ്ആര്‍ടിഇഎ (സിഐടിയു) 25 ലക്ഷം.
കണ്ണൂര്‍ ജില്ലയിലെ നാറാത്ത്, അഴീക്കോട്, ചിറക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം
മാർത്തോമ ചർച്ച് എജുക്കേഷൻ സൊസൈറ്റി – 10 ലക്ഷം രൂപ

About The Author