വയനാട് ദുരന്തം; ഫണ്ട് സമാഹരണത്തിനെതിരായ ഹര്‍ജി തള്ളി; ഹർജിക്കാരൻ 25000 രൂപ CMDRF ലേക്ക് അടക്കണം
വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. നിശിതമായ വിമർശനമാണ് ഹർജിക്കാരനെതിരെ കോടതി നടത്തിയത്.
ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും ഹർജിക്കാരനോട് ചോദിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഈ ഹർജി പൊതുതാൽപര്യത്തിനല്ലെന്നും മറിച്ച് പ്രശസ്തിക്ക് വേണ്ടിയാണെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെടുന്നതിന് തെളിവുകളൊന്നും നൽകുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് പ്രശസ്തി ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. കോടതിയുടെ സമയം വെറുതെ പാഴാക്കുകയാണെന്നും കോടതി വാക്കാൽ വിമർശിച്ചു.