ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്കേർപ്പെടുത്തി; നിർദ്ദേശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്ത മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിക്കും. ഉത്തരവ് പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സര്‍ക്കാരിന്റെ നയം അതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള ആശയവിനിമയം നടത്തിയ ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ശാസ്ത്ര സമൂഹം, അഭിപ്രായങ്ങളും പഠന റിപ്പോര്‍ട്ടുകളും മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. മേപ്പാടിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്.
മേപ്പാടി ദുരന്തബാധിത മേഖലയാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. മേപ്പാടി പഞ്ചായത്തിലേക്ക് ഒരു ഫീല്‍ഡ് വിസിറ്റും അനുവദിക്കില്ല. തങ്ങളുടെ പഠന റിപ്പോര്‍ട്ടുകള്‍ ശാസ്ത്ര ഗവേഷകര്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കരുത്. എന്തെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ കൃത്യമായി അനുമതി വാങ്ങണമെന്നും ഉത്തരവിലൂടെ പറഞ്ഞിരുന്നു.