വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം :പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷ; മുഖ്യമന്ത്രി

വയനാട്  ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റന്നാൾ പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിക്കുന്നതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കുകയും, അനുകൂല തീരുമാനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തിന് ഉൾപ്പെടെ കേന്ദ്രസഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വലിയ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ സ്ഥിരീകരിക്കപ്പെട്ട മരിച്ചവരുടെ എണ്ണം 225 ആണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 195 ശരീരഭാഗങ്ങൾ കിട്ടിയിട്ടുണ്ട്. നാളത്തെ ജനകീയ തിരിച്ചലിന് ശേഷവും തിരച്ചിൽ അവസാനിപ്പിക്കല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിലും നേതൃത്വം നൽകിയ സൈന്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ബെയ്ലി പാലം രക്ഷാ ദൗത്യത്തിൽ നിർണായകമായ ഒന്നാണ്. ദുരന്തത്തിൽ നിന്ന് കൈപിടിച്ചു ഉയർത്താനായി കേരളം ഒത്തുചേർന്ന അഭിമാനകരമായ കാഴ്ചയാണെന്നും ഇതിൽ കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ എല്ലാവരും പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

 

About The Author