വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ച; ധനസഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി ചിരഞ്ജീവി

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നേരിട്ട് കൈമാറി തെലുങ്ക് താരം ചിരഞ്ജീവി. ഒരു കോടി രൂപയാണ് താരം ധനസഹായമായി നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നും പണം കൈമാറിയ ശേഷം അദ്ദേഹം പ്രതികരിച്ചു.

വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമാണ്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിനാൽ എല്ലാവരും വയനാടിനൊപ്പം നിൽക്കണമെന്നും ചിരഞ്ജീവി പറഞ്ഞു. ദുരന്ത സമയം സജീവമായി പ്രവർത്തിച്ച സൈന്യത്തെയും തിരച്ചിൽ സംഘങ്ങളെയും ചിരഞ്ജീവി അഭിനന്ദിക്കുകയും ചെയ്തു.

വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ തന്നെ ചിരഞ്ജീവിയും രാം ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ‘പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകളിൽ ആഴത്തിൽ വിഷമിക്കുന്നു. വയനാട് ദുരന്തത്തിനിരയായവരോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ എൻ്റെ പ്രാർത്ഥനകളും!’; എന്നാണ് ചിരഞ്ജീവി കുറിച്ചത്.

About The Author