കേരളത്തിലേക്കുള്ള വിമാനകൂലി വര്‍ദ്ധനവ് നിയന്ത്രിക്കണം: വ്യോമയാന മന്ത്രാലയത്തിന് കത്തയച്ച് ബിനോയ് വിശ്വം
ഓണക്കാലത്ത് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനക്കൂലി ക്രമാതീതമായി ഉയര്‍ത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ സ്റ്റേറ്റ് സെക്രട്ടറി ബിനോയ് വിശ്വം എക്‌സ് എം പി കേന്ദ്ര ഏവിയേഷന്‍ മിനിസ്റ്റര്‍ റാം മോഹന്‍ നായിഡുവിന് കത്തെഴുതി. കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കേരളീയരെ സംബന്ധിച്ചിടത്തോളം, ഓണാഘോഷം അവരുടെ സാംസ്‌കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ്.
പ്രവാസികള്‍ക്ക് കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരാനുള്ള അവസരമാണ് ഓണാഘോഷം. എല്ലാ വര്‍ഷവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധി പ്രവാസികള്‍ സന്തോഷം പങ്കിടാനും കുറച്ചു ദിവസമെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവിടാനും ഓണത്തിന് കേരളത്തിലെത്തുന്നു. ഓണക്കാലത്ത് എല്ലാ എയര്‍ലൈന്‍ കമ്പനികളും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുന്ന ആളുകളുടെ പോക്കറ്റ് കൊള്ളയടിച്ചുകൊണ്ട് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കും.
കേരള നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ശരാശരി വണ്‍വേ ടിക്കറ്റ് നിരക്ക് 20, 25% വര്‍ദ്ധനയോടെ, വരാനിരിക്കുന്ന ഉത്സവ സീസണില്‍ വിമാന നിരക്ക് കുത്തനെ ഉയരുകയാണ്. ആഭ്യന്തര, അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ക്ക് നിരക്കിലെ കുതിപ്പ് ദൃശ്യമാണ്. താന്‍ രാജ്യസഭാംഗമായിരുന്ന കാലത്ത് ഈ വിഷയം പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. അമിതമായ ടിക്കറ്റ് നിരക്ക് കാരണം പലരും യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുന്നു.
വിലക്കയറ്റം സൃഷ്ടിക്കുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ ആഘോഷത്തിന്റെ ചാരുത കെടുത്തുകയാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കഴിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കേരളീയരുടെ ഹൃദയ വേദന കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം. ഈ വിഷയത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി എന്ന നിലയില്‍ ഇടപെടണമെന്നും വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ചെയ്യണമെന്നും കേന്ദ്രമന്ത്രിയോട് ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു