‘അമ്മയിൽ വിലക്കിയവരെയും പുറത്ത് പോയവരെയുമെല്ലാം തിരികെ കൊണ്ടു വരണം’: ആഷിഖ് അബു

0

താരസംഘടന എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. സംഭവിക്കുന്നതെല്ലാം നല്ലത്. ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കുന്നു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നു. എല്ലാം നല്ലതായിട്ടാണ് തോന്നുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

എല്ലാം പോസിറ്റീവായി ചിന്തിക്കാം. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കാമെന്നും ആഷിഖ് അബു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. എഎംഎംഎ ഗംഭീര സംഘടനയാണ്. നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.

സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *