ടെൽ അവീവിലേക്കും തിരിച്ച് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി എയർ ഇന്ത്യ
ഹമാസ് നേതാവിൻ്റെ വധത്തെ തുടർന്ന് പശ്ചിമേഷ്യ മേഖലയിൽ ഉയർന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 8 വരെയാണ് സർവീസുകൾ റദ്ദാക്കിയത്.
മേഖലയിലെ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണെന്നും യാത്രക്കാർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാൻ ഒറ്റത്തവണ ഇളവോ, അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുന്നതിനുള്ള അവസരമോ ആണ് ഉറപ്പാക്കിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സഹായം ആവശ്യമുള്ള യാത്രക്കാർ 011-69329333 അല്ലെങ്കിൽ 011-69329999 എന്ന നമ്പറിലോ ബന്ധപ്പെടണം.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വച്ചാണ് ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഇസ്മായി ഹനിയ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹമാസും ഇറാനും രംഗത്ത് വന്നിരുന്നു. ലെബനൻ അതിർത്തിയിൽ ഹിസ്ബൊള്ളയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്ന ഇറാൻ ഇസ്രയേലിനെതിരെ ആക്രമണത്തിലേക്ക് പോകുമോയെന്ന് സംശയിക്കുന്നുണ്ട്. ഹമാസ് നേതാവിൻ്റെ മരണം ഇസ്രയേലിനും അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘർഷ സാധ്യത മുന്നിൽക്കണ്ട് മുൻകരുതൽ നടപടിയെന്നോണം വിമാന സർവീസുകൾ റദ്ദാക്കിയത്.