ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിനേതാക്കളായ 29 പേരുടെ മൃതദേഹം കണ്ടെത്തി; കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

പ്രധാനമന്ത്രിപദം രാജിവെച്ച്‌ ഷെയ്ഖ് ഹസീന ഇന്ത്യയിയില്‍ അഭയംതേടിയതിനു പിന്നാലെ അവാമി ലീഗിന്റെ 29 നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ബംഗ്ലാദേശില്‍ കണ്ടെത്തി. തിങ്കളാഴ്ച ഹസീന രാജിവെച്ചതിനുശേഷം നിരവധി അവാമി ലീഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന് ധാക്ക ട്രീബ്യൂണല്‍ റിപ്പോർട്ടുചെയ്തു. മുൻ കൗണ്‍സിലർ മുഹമ്മദ് ഷാ ആലത്തിന്റെ വീടിന് പ്രക്ഷോഭകാരികള്‍ തീയിട്ടതിനെ തുടർന്ന് ആറുപേർ മരിച്ചു. അവാമി ലീഗിന്റെ യുവജന വിഭാഗമായ ജുബോ ലീഗിന്റെ രണ്ട് നേതാക്കന്മാരുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. ജുബോ ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി സമുൻ ഖാന്റെ വീടിന് തിങ്കളാഴ്ച ജനക്കൂട്ടം തീയിട്ടിരുന്നു. ഇവിടെനിന്ന് ആറ് മൃതദേഹങ്ങളും കണ്ടെടുത്തു.

ധാക്കയിലെയും ധൻമോണ്ടിയിലെയും അവാമി ലീഗിന്റെ ഓഫീസുകള്‍ക്ക് കഴിഞ്ഞദിവസം തീവെപ്പുണ്ടായി. ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാലിന്റെയും സുപ്രീംകോടതി ജഡ്ജിയുടെയും വീടുകള്‍ക്കും തീയിട്ടു. സർക്കാർസ്ഥാപനങ്ങളും ആക്രമിച്ചു. മന്ത്രിമാരുടെയും അവാമി ലീഗ് എം.പി.മാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും തച്ചുതകർത്തു. ഹൈന്ദവക്ഷേത്രങ്ങള്‍ക്കുനേരേയും ആക്രമണമുണ്ടായി. ധാക്കയ്ക്കകത്തും പുറത്തും വ്യാപക കൊള്ള റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഹസീന നാടുവിട്ടെന്ന വാർത്ത പരന്നതോടെ ആയിരക്കണക്കിനാളുകള്‍ ധാക്കയിലെ അവരുടെ ഔദ്യോഗികവസതിയായ സുധസദൻ കൈയേറി. ഹസീനയുടെ പിതാവും ബംഗ്ലാദേശ് വിമോചനനേതാവും മുൻപ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർ റഹ്മാന്റെ പ്രതിമ ചുറ്റികകൊണ്ട് അടിച്ചുതകർത്തു. ഹസീനയുടെ കിടപ്പുമുറിയടക്കം നശിപ്പിച്ച സമരക്കാർ വസ്ത്രങ്ങള്‍, മര ഉരുപ്പടികള്‍, സാരികള്‍, പരവതാനികള്‍ തുടങ്ങി കൊട്ടാരത്തിലെ സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോയി.

ഹസീനയെ പലായനംചെയ്യാൻ നിർബന്ധിതമാക്കിയ നിർണായക മണിക്കൂറുകളില്‍ തലസ്ഥാനമായ ധാക്കയിലടക്കം വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 119 പേരാണ് കൊല്ലപ്പെട്ടത്. ധാക്ക മെഡിക്കല്‍ കോളേജില്‍മാത്രം 37 മൃതദേഹങ്ങളെത്തിച്ചു. വെടിയേറ്റവരടക്കം പരിക്കേറ്റ അഞ്ഞൂറിലധികം ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ധാക്കയുടെ പ്രാന്തപ്രദേശങ്ങളായ സവാർ, ധാമ്രൈ എന്നിവിടങ്ങളില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 18 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചത്തെ അക്രമസംഭവങ്ങളില്‍ 101 പേർ മരിച്ചിരുന്നു. ഇതോടെ ജൂലായ് 16 മുതല്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 440 ആയി.

രാജിവെച്ച്‌ ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിൻഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവർക്ക് അഭയം നല്‍കാൻ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഹസീനയുടെ വിസ യു.എസ്. റദ്ദാക്കുകയും ചെയ്തു. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ടത്.

About The Author