വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നൽകി നടൻ വിക്രം

വയനാട് ഉരുൾപൊട്ടലിൽ ദുരന്തം നേരിടുന്ന വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം ചിയാൻ വിക്രം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വിക്രമിനെ കൂടാതെ മറ്റു പ്രമുഖരും സഹായവാഗ്ദാനങ്ങളുമായി എത്തുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി.

നേരത്തെ തമി‌ഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു ഈ തുക മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി കൈമാറി. ടിബറ്റിലെ ദലൈ ലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്.

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി പി സാലിയുടെ സി പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ആംബുലൻസ്, പ്രഥമശുശ്രൂഷ മരുന്നുകൾ, വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങളുമായാണ് സംഘം പുറപ്പെട്ടത്.

 

 

About The Author