കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുക്കവേ നിധി കണ്ടെത്തി

കണ്ണൂർ ശ്രീകണ്ഠാപുരത്ത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് സ്വർണമാണെന്ന് സംശയിക്കുന്ന നിരവധി വസ്തുക്കൾ ഉൾപ്പെടുന്ന പാത്രം ലഭിച്ചത്. മഴക്കുഴി നിർമിക്കുന്നതിനിടെയാണ് സ്വർണ ലോക്കറ്റുകൾ ഉൾപ്പെടെ ഇവർക്ക് ലഭിച്ചത്. ആദ്യഘട്ടത്തിൽ ബോംബാണെന്ന് വിചാരിച്ച് ഭയന്ന് ഇവർ പാത്രം തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വർണമെന്ന് തോന്നിക്കുന്ന നിരവധി വസ്തുക്കളാണ്.

റബ്ബർ തോട്ടത്തിൽ കുഴിയെടുത്തപ്പോഴാണ് 18 തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധി ലഭിക്കുന്നത്. ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. ഇവർ ഉടൻ തന്നെ ഈ വിവരം പഞ്ചായത്തിൽ അറിയിക്കുകയും പഞ്ചായത്ത് ഈ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഓട്ടുപാത്രത്തിലുള്ളത് സ്വർണം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

പൊലീസ് ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കൾ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. ആഭരണങ്ങളുടെ കാലപ്പഴക്കം കണ്ടെത്താൻ പുരാവസ്തു വകുപ്പ് ശ്രമിച്ചുവരികയാണ്.

About The Author