പരസ്പരം പഴി ചാരേണ്ട സമയമല്ല:കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷം; മുഖ്യമന്ത്രി
വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണ്. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വേണ്ടത്. അല്ലാതെ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടത്.പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
23 മുതൽ 28 വരെ ഓരോ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നൽകിയ അറിയിപ്പിൽ ഒരു ദിവസം പോലും ഓറഞ്ച് അലേര്‍ട്ട് ഉണ്ടായിരുന്നില്ല. 29 ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലേര്‍ട്ട് നൽകിയത്. 30 ന് ഉരുൾപൊട്ടൽ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചത്. 115 നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേന്ദ്രകാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിയോടെയാണ് റെഡ് അലേര്‍ട്ട് നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.