നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളില്‍ നീരൊഴുക്ക് കൂടിയതായാണ് വിവരം. ഇടുക്കിയില്‍ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനമായി വര്‍ധിച്ചു.ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുകയാണ്.
ഇടുക്കിയിലെ കല്ലാര്‍കുട്ടി -98.09 ശതമാനം, ലോവര്‍ പെരിയാര്‍ -100ശതമാനം, തൃശൂര്‍ പെരിങ്ങല്‍കുത്ത് -94.46ശതമാനം, മാട്ടുപ്പെട്ടി -97.48 ശതമാനം, പത്തനംതിട്ട മൂഴിയാര്‍ -68.71 ശതമാനം എന്നിങ്ങനെയാണ് കൂടിയ ജലനിരപ്പ്.നെയ്യാര്‍, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം തുടങ്ങിയ ഡാമുകളില്‍ സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയര്‍ന്നു.സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന് ജാഗ്രതാനിര്‍ദേശം നല്കി. തീരപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.