മഴ കനക്കുന്നു; വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ; ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും കനക്കുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.കോഴിക്കോട് കിഴക്കൻ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. അടിവാരം കൈതപ്പൊയിൽ പ്രദേശത്തുള്ളവർ വീടുകളിൽ കുടുങ്ങി. കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. താമരശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.
കരുവന്തുരുത്തി പെരവന്‍മാട് കടവില്‍ തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.വയനാട് മേപ്പാടി മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന് സമീപം പുഴയരികിലും മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടായി. പുത്തുമല കാഷ്മീർ ദ്വീപിലെ മൂന്നു കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുൻകരുതൽ എന്ന നിലയ്ക്ക് ക്യാമ്പുകളിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വിഎച്ച്എസ്സി സ്കൂൾ, മുണ്ടക്കൈ യുപി സ്കൂൾ, പുത്തുമല സ്കൂൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ബാണാസുര സാഗർ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്.
മലപ്പുറത്തും മലയോര മേഖലയിൽ മഴ കനത്തതിനാൽ പുഴകൾ നിറഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിൽ മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതല്‍ മഴ ശക്തമായിരുന്നു. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മഴ ശക്തമായതോടെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്നിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2360 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയാണ്. തിരുവനന്തപുരത്തും വിവിധ മേഖലകളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ഇടവിട്ട് ശക്തമായ മഴയാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. കേരളത്തിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരും. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.