അറുപത്തിയൊമ്പതുകാരിയെ ആക്രമിച്ച് സ്വര്‍ണമാലയുമായി ഓട്ടോറിക്ഷാഡ്രൈവര്‍ കടന്നു

പോലീസ് കമ്മിഷണര്‍ ഓഫീസിന് തൊട്ടരികെ അറുപത്തിയൊമ്പതുകാരിയെ ആക്രമിച്ച് സ്വര്‍ണമാലയുമായി ഓട്ടോറിക്ഷാഡ്രൈവര്‍ കടന്നു. മാല പൊട്ടിച്ചെടുത്തശേഷംഓട്ടോറിക്ഷയില്‍നിന്ന് തള്ളിയിട്ടതിനെത്തുടര്‍ന്ന് താടിയെല്ലിനും പല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്വിധേയയായി. വയനാട് പുല്പള്ളി മണല്‍വയല്‍ അന്‍ഡുകലയില്‍ വീട്ടില്‍ അബ്രഹാമിന്റെ ഭാര്യ ജോസഫൈനാണ് (69) അക്രമത്തിന് ഇരയായത്. ഇവരുടെ രണ്ടുപവന്റെ സ്വര്‍ണമാലയാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.കമ്മിഷണര്‍ ഓഫീസിന് നൂറ്റന്‍പത് മീറ്ററകലെ മുതലക്കുളത്തെ റോഡരികിലേക്കാണ് യാത്രക്കാരി ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണത്.

സംഭവം നടന്നത് ബുധനാഴ്ച പുലര്‍ച്ചെയാണെങ്കിലും ഇതേക്കുറിച്ച് പോലീസില്‍ അറിയിക്കാതെ ഇവര്‍ പാളയം സ്റ്റാന്‍ഡില്‍നിന്ന് കൂടരഞ്ഞി ബസില്‍ക്കയറി അവിടെയുള്ള ബന്ധുവീട്ടിലേക്ക് പോയി. വൈകീട്ടോടെ ഓമശ്ശേരിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴാണ് വിവരം പോലീസ് അറിയുന്നത്.ഉടന്‍തന്നെ ടൗണ്‍ പോലീസ് ഓമശ്ശേരിയിലെത്തി മൊഴിയെടുത്ത് രാത്രിയോടെ ഭാരതീയ നിയമസംഹിതയിലെ 311 വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ചെയ്തു.രാത്രിതന്നെ ടൗണ്‍ സി.ഐ.യുടെ നേതൃത്വത്തില്‍ 10 അംഗ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About The Author