‘അർജുനെ രക്ഷപ്പെടുത്താൻ ഇടപെടണം’; സുപ്രിംകോടതിയിൽ ഹർജി

കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ലെന്നും തെരച്ചിൽ ഊർജിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മണ്ണ് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണമെന്നും എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ഇതിന് കോടതി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

അതേസമയം ഷുരൂരിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ നാവിക സേന സംഘം എത്തി. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ച് രണ്ട് ജെസിബികൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. രക്ഷാദൗത്യത്തിനായി ഉച്ചയോടെ സൈന്യവുമെത്തും. ഇതിനിടെ പ്രദേശത്ത് മഴ കനക്കുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.

എന്നാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ ആകില്ലെന്നും കർണാടകം സർക്കാർ ജീവന് ഒരു വിലയും നൽകില്ലെന്നും സഹോദരി ഭർത്താവ് പറഞ്ഞു.

About The Author