2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. 160 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ് ജൂറി ചെയര്‍മാന്‍.1987ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ്, 1988ല്‍ സാമൂഹിക പ്രസക്തമായ മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ദേശീയ അവാര്‍ഡ്, 1991ല്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സംവിധായകന്‍ പ്രിയനന്ദനന്‍, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവല്‍, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

About The Author