സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; ജയില്‍ മോചനം ഉടനുണ്ടാകും

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്തു. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി, സാമൂഹിക പ്രവർത്തകനായ സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ ഹാജരായി.

കോടതിയിലെ വിർച്വൽ സംവിധാനത്തിലൂടെയാണ് റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. ഇന്ത്യൻ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ഏകേദശം 34 കോടി ഇന്ത്യൻ രൂപയുടെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി.

ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്‍റെ മോചനം ഉടൻ സാധ്യമാകും. ഇന്ന് ഉച്ചയോടെയാണ് കുടുംബം റഹീമിന് മാപ്പ് നൽകാമെന്ന് കോടതിയിൽ എത്തി അറിയിച്ചത്. അബദുൽ റഹീം അധികം വൈകാതെ ജയിൽ മോചിതനാകും. റിയാദ് വിമാനത്താവളം വഴിയായിരിക്കും റഹീമിനെ നാട്ടിലേക്ക് അയക്കുക. അബ്ദുറഹീമിന്‍റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ കഴിഞ്ഞ മാസം മൂന്നിനാണ് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്.

About The Author