സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു; എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ 43 പേരാണ് മരിച്ചത്. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല മേഖല ഒറ്റപ്പെട്ടു.
പൊലീസും റവന്യൂ സംഘവും ദൗത്യത്തിനായി വയനാട്ടിലുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.
കേണൽ നവിൻ ബെഞ്ജിത്, ലെഫ്റ്റനണ്ട് കേണൽ വിശ്വനാഥൻ, മേജർ- ഡോക്ടർ മനു അശോക്, കൂടാതെ 122 ഇൻഫെന്ററി ബറ്റാലിയൻ വെസ്റ്റ് ഹിൽ കോഴിക്കോട് ക്യാമ്പ് ലെ 50 ഓളം സൈനികർ വയനാട്ടിലേക്ക് ഉടൻ എത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.