‘പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചു, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്’; മുഖ്യമന്ത്രി
വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. എയർ ഫോഴ്സ് ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോൾ കാര്യങ്ങൾ കൃത്യമായി പറയാൻ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാൽ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയുള്ളൂ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു.
അതേസമയം വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
IG നോർത്ത് സോൺ വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എയർലിഫ്റ്റിംഗ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക് എത്തും. 4 എൻഡിആർഎഫ് സംഘമാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. 400ലധികം പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കനുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടു. മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്.