പാലക്കാട് സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരി മരിച്ചു
പാലക്കാട് മണ്ണാര്‍ക്കാട് സ്കൂള്‍ ബസ് തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ (6) ആണ് മരിച്ചത്. DHSS നെല്ലിപ്പുഴ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്. കുട്ടി സഞ്ചരിച്ച ഇതേ സ്കൂളിലെ ബസ്സിടിച്ചാണ് അപകടം. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്കൂൾ ബസിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുന്നോട്ടെടുത്ത ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.