വയനാടിനൊപ്പം; രാത്രി വൈകിയും ഡി വൈ എഫ് ഐ യുടെ കളക്ഷൻ സെന്ററിൽ നിഖില വിമൽ : പിന്തുണയുമായി സിനിമാ മേഖലയും
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി.
നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്‍ട്രോള്‍ റൂം നമ്പറുകളും താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഈ വിവരങ്ങള്‍ പങ്കിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേറ്റ് മാറ്റിവെച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പുകളും ടൊവിനോ പങ്ക് വെച്ചിട്ടുണ്ട്.
മഞ്ജു വാര്യര്‍ ചിത്രത്തിന്റെ റിലീസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മിക്ക മുന്നറിയിപ്പുകളും താരം തന്റെ പേജില്‍ പങ്ക് വെച്ചിട്ടുമുണ്ട്. കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജുവിന്റെ പേജിലുണ്ട്.