മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്: മന്ത്രി വീണ ജോർജ്

നിപാ ബാധിച്ച് 14 കാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഇന്ന് പരിശോധിച്ച ഏഴ് പേരുടെയും സാമ്പിളുകൾ നെഗറ്റീവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അഡ്മിഷനിലുള്ള ഏഴ് പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. അറുപത്തിയെട്ടുകാരന്റെ ഫലവും നെഗറ്റീവാണ്. ഏഴ് പേരിൽ ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്.

330 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടും. നെഗറ്റീവായ ഏഴ് പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരാണെന്നും മന്ത്രി അറിയിച്ചു. ആറ് പേർ കുട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാൾ കുട്ടിയുമായി ബന്ധമില്ലാത്തയാളാണ്. കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമായ റൂട്ട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമ്പർക്ക പട്ടികയിൽ നിന്ന് ആരും ഒഴിവാകാതിരിക്കാൻ സൂക്ഷമമായ പരിശോധന നടത്തുന്നുണ്ട്. വീടുകൾ കയറിയുള്ള സർവ്വെ ആരംഭിച്ചിട്ടുണ്ട്. നിപയിൽ ജാ​ഗ്രത കർശനമാക്കിയെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിയുടെ സംസ്കാരം പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും. ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഗൈഡ് ലൈനുകൾ അനുസരിച്ചുള്ള പരിശോധന ഉറപ്പ് വരുത്തും. മസ്തിഷ്ക ജ്വരമുള്ള കേസുകൾ പരിശോധനക്ക് വിധേയമാക്കും.

നാളെ പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കുന്നുണ്ട്. ജാ​ഗ്രതാ പ്രദേശത്തെ പഞ്ചായത്തുകളിൽ മൂന്ന് സ്കൂളുകളിലാണ് അലോട്ട്മെൻ്റ് നടക്കുന്നത്. സാമൂഹ്യ അകലം പാലിച്ചും എൻ95 മാസ്‌ക്ക് ധരിച്ചും അലോട്ട്മെന്റ് നടത്തും. ആൾക്കൂട്ടമുണ്ടാകാത്ത രീതിയിൽ ക്രമീകരണം നടത്തും. കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർ അലോട്ട്മെന്റിന് പോകുന്നുണ്ടെങ്കിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കണം. ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവായത് ആശ്വാസകരമാണെന്നും വീണാ ജോർജ്ജ് പറഞ്ഞു.

പൂനെയിൽ നിന്നുള്ള മൊബൈൽ ലാബ് നാളെ എത്തും. ഐസിഎംആറിന്റെ നേതൃത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. പഴങ്ങളിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ പരിശോധന നടക്കുന്നുണ്ട്. നിപ ബാധിച്ച കുട്ടിക്ക് വൈറസ് ബാധിച്ചതിന്റെ ഉറവിടം, കുട്ടി സന്ദർശിച്ച ഇടങ്ങളെല്ലാം പരിശോധന നടത്തി, ഇതുവഴി ചില നിഗമനങ്ങളിലെത്തിയിട്ടുണ്ട്.

നാളെ കൂടി പരിശോധന നടത്തിയാലെ ഒരു ഉറപ്പിലേക്ക് എത്താനാകൂ. കുട്ടിയുടെ പേര് പ്രസിദ്ധീകരിക്കുന്നത് കുടുംബത്തിന്റെ താൽപ്പര്യം കൂടി പരിഗണിച്ചാവണം. ആനക്കയം പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിന്ന് പുറത്തുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പോകാം. അവർ മാസ്‌ക്ക് ധരിച്ചു വേണം പോകാൻ. സമ്പർക്ക പട്ടികയിൽ ഉൾപ്പെടുമോ എന്ന് സംശയം ഉള്ളവർ പോകരുത്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം വീടിന്റെ സമീപത്തെ മരത്തിൽ നിന്ന് അമ്പാഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യമുണ്ടന്നും വിവരമുണ്ട്. കൂടുതൽ പരിശോധന നടത്തിയെ ഇത് ഉറപ്പിക്കാനാകൂ എന്നും മന്ത്രി അറിയിച്ചു.

About The Author