‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ
ഷിരൂരിൽ കാണാതായ അർജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം നാൾ. നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ വ്യക്തമാക്കി. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഗംഗാവലി പുഴയിൽ രാത്രിയും ഡ്രോൺ പരിശോധന തുടരാനാണ് തീരുമാനം. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തിലാണ് കാര്യങ്ങൾ വിശദമാക്കിയത്.
അതേസമയം ലോറിയുടെ ഉളളിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സേനകൾ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗനലും ലഭിച്ചിരിക്കുന്നത്. നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല.
ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും. ദൗത്യത്തിനെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.