ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം: ആരോഗ്യമന്ത്രി
വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്.
എലിപ്പനി കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകള്‍, ഒ.ആര്.എസ്., സിങ്ക്, ഡോക്സിസൈക്ലിന്‍, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ലഭ്യത കുറവ് മുന്‍കൂട്ടി അറിയിക്കണം.
എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാല്‍ ചികിത്സിക്കാനുള്ള ആന്റി സ്‌നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം. ദുരിത ബാധിത പ്രദേശങ്ങളില്‍ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട് മുതലായവ ധരിക്കേണ്ടതാണ്. വൈദ്യുതാഘാതം, പാമ്പ് കടി, ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ആക്രമണം മുതലായവ ഒഴിവാക്കാനുള്ള സുരക്ഷാ നടപടികള്‍ കൈക്കൊള്ളുക. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.