ഉരുള്‍പൊട്ടൽ: കൂടുതൽ മെഡിക്കൽ സംഘം വയനാട്ടിലേക്ക്; ആരോഗ്യവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട്ടിൽ അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. വയനാട് കൂടാതെ സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശമുണ്ട്. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും കണ്ണൂരിൽ നിന്നുമുള്ള മെഡിക്കൽ സംഘം ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ജീവന് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന്‍ കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്കി.
വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും. ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായും മന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്ട്രോള് റൂം: 8075401745.
സ്റ്റേറ്റ് കണ്ട്രോള് റൂം: 9995220557, 9037277026, 9447732827.