ജനങ്ങളിൽ നിന്ന് പിരിക്കാനുള്ള സർചാർജ് കൂട്ടിക്കാണിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്ക് കൊടുത്ത് കെ.എസ്.ഇ.ബി
ജനങ്ങളിൽ നിന്ന് പിരിക്കാനുള്ള സർചാർജ് കൂട്ടിക്കാണിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്ക് കൊടുത്ത് കെ.എസ്.ഇ.ബി. ഈ കള്ളക്കളി റഗുലേറ്ററി കമ്മീഷൻ കയ്യോടെ പിടികൂടുകയും ചെയ്‌തു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കണക്കിലാണ് കെ.എസ്.ഇ.ബി തെറ്റായ വിവരം സമർപ്പിച്ചത്.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയത് വഴിയുണ്ടാകുന്ന അധിക ചെലവാണ് ഓരോ മാസവും ഇന്ധന സർചാർജായി കെ.എസ്.ഇ.ബി ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നത്. യൂണിറ്റിന് 10 പൈസ വരെ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിക്ക് ഈടാക്കാം. എന്നാൽ അതിന് മുകളിൽ പിരിക്കണമെങ്കിൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം. ജനങ്ങളെ എത്ര പിഴിഞ്ഞാലും കെ.എസ്.ഇ.ബി പറയുന്നത് നഷ്ടം തീർന്നില്ലെന്നാണ്. ഒക്ടോബർ മുതൽ മാർച്ച് വരെ സർചാർജ് പിരിച്ചിട്ടും പിന്നെയും 46.50 കോടി രൂപ നഷ്ടമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഇത് നികത്താൻ യൂണിറ്റിന് 23 പൈസ വെച്ച് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണമെന്നുള്ള അപേക്ഷയാണ് റഗുലേറ്ററി കമ്മീഷന്, കെ.എസ്.ഇ.ബി സമർപ്പിച്ചത്.
എന്നാൽ ഈ മാസം 11ന് അപേക്ഷ പരിഗണിച്ച റഗുലേറ്ററി കമ്മീഷൻ, കെ.എസ്.ഇ.ബി സമർപ്പിച്ച കണക്കിലെ പിശക് ചൂണ്ടിക്കാട്ടി. കമ്മീഷന്റെ കണ്ടെത്തലിൽ നഷ്‌ടംനികത്താൻ ഇനി പിരിച്ചെടുക്കാനുള്ളത് 38 കോടി മാത്രമെന്നാണ്. ഇതിന് മാസം പിരിക്കേണ്ടത് യൂണിറ്റിന് 18 പൈസയല്ലേ എന്ന് കമ്മീഷൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് ചോദിച്ചു. തെറ്റ് ബോധ്യമായ ഉദ്യോഗസ്ഥരോട് വീണ്ടും കണക്ക് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ക് സമർപ്പിച്ച് കഴിഞ്ഞാൽ രണ്ടാഴ്ച കഴിഞ്ഞ് കമ്മീഷൻ ഇത് പരിഗണിക്കും. കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്ര സർചാർജ് പിരിക്കാൻ കമ്മീഷൻ അനുമതി നൽകില്ലെന്നാണ് സൂചന.