മുണ്ടക്കൈയിൽ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവർത്തകർ; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ മുണ്ടക്കൈയിൽ നിന്ന് ഒറ്റപ്പെട്ട 800 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 22 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്ത് മറുകരയിൽ എത്തിച്ചത്. അഞ്ച് മൃതദേഹങ്ങൾ കൂടി മറുകരയിൽ എത്തിക്കാനുണ്ട്. അതിനുശേഷം രാത്രിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സർക്കാരിൻ്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം , ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുൻകരുതലുകൾ , ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.
മുണ്ടകൈയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അംഗ സംഘംദുരന്തഭൂമിയിലെത്തിയിരുന്നു. ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനായി താത്ക്കാലിക പാലം നിർമിച്ചു. താത്ക്കാലിക പാലം വഴിയും റോപ്പ് വഴിയും ആളുകളെ ഇക്കരെ എത്തിക്കുകയായിരുന്നു.