ചെറുശ്ശേരി മ്യൂസിയം: ആഗസ്ത് 15നകം രൂപരേഖ തയ്യാറാക്കും
ചിറക്കലില്‍ ചെറുശ്ശേരി മ്യൂസിയം നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആഗസ്ത് 15നകം രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വാസ്തുവിദ്യ ഗുരുകുലത്തെ ചുമതലപ്പെടുത്തി. കെ വി സുമേഷ് എംഎല്‍എ, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ചിറക്കല്‍ കോവിലകം ട്രസ്റ്റിയുമായി ചര്‍ച്ച നടത്തി രൂപരേഖ അന്തിമമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഓപ്പണ്‍ ഓഡിറ്റോറിയം, വൃന്ദാവനം, മുഴുവന്‍ സമയവും കൃഷ്ണഗാഥ ശ്രവിക്കാവുന്ന ശബ്ദസംവിധാനം, കൃഷ്ണഗാഥയുടെയും ചെറുശ്ശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയം എന്നിവയാണ് ചെറുശ്ശേരി മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. ടി പത്മനാഭന്‍ ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ വി സുമേഷ് എംഎല്‍എ മുന്‍കൈയെടുത്താണ് മ്യൂസിയത്തിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറക്ക് ചെറുശ്ശേരിയുടെ സാഹിത്യ, സാംസ്‌ക്കാരിക പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാന്‍ ഉതകുന്ന രീതിയിലുള്ളതാകണം സ്മാരകം എന്ന ആശയം ഉള്‍ക്കൊണ്ടാണ് നിര്‍മാണം ഉദ്ദേശിക്കുന്നതെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. ക്ഷേത്ര നഗരിയായ ചിറക്കലിന്റെ തീര്‍ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി ഉള്‍ച്ചേര്‍ത്തായിരിക്കും പദ്ധതി നടപ്പിലാക്കുക. മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ കിഴക്കേക്കര മതിലകം ക്ഷേത്രത്തിന് 1200 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പഴക്കം ചെന്ന ആരൂഢവും ഗോപുരവും 1500 ലേറെ പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഊട്ടുപുരയും എല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. കോലത്തു നാട്ടിലെ ഇളയവര്‍മ്മ രാജാവിന്റെ കൊട്ടാരകവിയായിരുന്നു ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണന്റെ ജനനം മുതല്‍ കംസ വധം വരെയുള്ള ഭാഗങ്ങള്‍ ഗോപുരത്തില്‍ അതിമനോഹരമായ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം പൈതൃക സംരക്ഷണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനുള്ള ഇടപെടലും നടത്തിവരികയാണെന്ന് എംഎല്‍എ പറഞ്ഞു.
ചെറുശ്ശേരി മ്യൂസിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ നവീന്‍ബാബു, ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് പി ജോണ്‍, ചിറക്കല്‍ കോവിലകം വലിയ രാജ സി കെ രാമവര്‍മ രാജ, സുരേഷ് വര്‍മ്മ, സാംസ്‌ക്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കെ തോമസ്, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, തഹസില്‍ദാര്‍ പി പ്രമോദ്, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, വാസ്തു വിദ്യാ ഗുരുകുലം സ്ഥപതി എ ബി ശിവന്‍ തുടങ്ങിയവരും സംബന്ധിച്ചു. സ്മാരകം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലവും സംഘം പരിശോധിച്ചു.