അമൃതം കർക്കിടകത്തിന് തുടക്കമായി
കുടുംബശ്രീ ജില്ലാമിഷൻ്റെ അമൃതം കർക്കിടകത്തിന് കലക്ടറേറ്റ് അങ്കണത്തിൽ തുടക്കമായി. കുടുംബശ്രീ സംരംഭകരുടെ ഉല്പന്ന പ്രദർശന വിപണനമേള , കർക്കിടക കഞ്ഞി ഫെസ്റ്റ് (പരമ്പാഗത ആരോഗ്യ ഭക്ഷ്യമേള) എന്നിവയാണ് അമൃതം കർക്കിടകത്തിൻ്റെ ഭാഗമായി നടക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മേള ഉദ്ഘാടനം ചെയ്തു . ജില്ലാ കലക്ടർ അരുൺ കെ വിജയൻ, അസി: കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ തുടങ്ങിയവരും മേള സന്ദർശിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങളുടെ പ്രദർശന വിപണനം കൂടാതെ കർക്കിടക കഞ്ഞി, കർക്കിടക പാനീയം , കർക്കിടക പായസം തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങളാണ് മേളയുടെ പ്രധാനാ ആകർഷണം. കർക്കിടക മരുന്ന്, പോഷകപൊടി, ഈന്തപ്പഴലേഹ്യം, കർക്കിടക കഞ്ഞിയും കിറ്റും, മുളയരി പായസം എന്നിവയും ലഭ്യമാണ്. കൂടാതെ കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന കമ്പ റവപ്പൊടി, കൂവപ്പൊടി, അച്ചാറുകൾ, മഞ്ഞൾ, മസാല പൊടികൾ തുടങ്ങിയ നാടൻ ഉത്പ്പന്നങ്ങളും വാങ്ങാം.
കുടുംബശ്രീ സംരംഭകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ പരിചയപ്പെടുത്താനും വിൽപ്പന നടത്താനും അവസരമൊരുക്കുകയാണ് മേളയുടെ ലക്ഷ്യം. ആഗസ്റ്റ് 2 ന് മേള സമാപിക്കും.