മഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം ഡി ഡി എം എ
മഴക്കാലത്ത് വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷിണിയാകും വിധം സ്കൂൾ ബസുകൾ ഓടിക്കുകയോ ബസിൽ നിന്നും ഇറക്കിവിടുകയോ ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി( ഡി ഡി എം എ) .ഡി ഡി എം എ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ഡ്രൈവർ വിദ്യാർഥികളെ വെള്ളക്കെട്ടിലിറക്കി വിട്ടതായി പറയുന്ന സംഭവത്തിലും പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയ സംഭവത്തിലും സ്കൂൾ അധികൃതരോട് വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി എജ്യുക്കേഷൻ ഡെപൂട്ടി ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് യോഗത്തിൽ അറിയിച്ചു.
മഴയുടെ ശക്തി കുറഞ്ഞ് വരികയാണെങ്കിലും ശക്തമായ ജാഗ്രത തുടരണമെന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോട് കലക്ടർ നിർദേശിച്ചു.ജില്ലയിൽ കണ്ണൂർ , തലശ്ശേരി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പിലായി 76 പേർ കഴിയുന്നതായി തഹസിൽദാർമാർ അറിയിച്ചു. നിലവിൽ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
കണ്ണൂർ താലൂക്കിൽ മൂന്ന് ക്യാമ്പിലായി എട്ട് കുടുംബങ്ങളിലെ 23 പേരാണ് കഴിയുന്നത്. ഇവിടെ 61 കുടുംബങ്ങളെ ബന്ധു വീട്ടുകളിലേക്കും മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കീഴ്ത്തള്ളി വെല്‍നെസ് സെന്റര്‍, ഉരുവച്ചാൽ മദ്രസ, പള്ളിക്കുന്ന് സൈക്ലോണ്‍ ഷെല്‍ട്ടര്‍, തലശ്ശേരി കതിരൂര്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍, തുപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്ക്കാരിക കേന്ദ്രം, കീഴല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം, കീഴല്ലൂർ ശിശു മന്ദിരം എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്.തലശ്ശേരിയിൽ 53 പേരെ നാല് ദുരിതാശ്വാസ ക്യാ മ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ 119 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഇരിട്ടി താലൂക്കിൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും വാടക വീടുകളിലേക്കുമായി മാറ്റിയിട്ടുണ്ട്. പയ്യന്നൂർ താലൂക്കിൽ 11 കുടുംബങ്ങളെയും തളിപ്പറമ്പിൽ 10 കുടുംബങ്ങളെയും വീതം ബന്ധു വീടുകളിലേക്ക് മാറ്റി.