കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടുമെന്ന് ന്യൂനപക്ഷ കമ്മീഷൻ

ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവർക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ  നൽകുന്നില്ലെന്ന പ്രശ്നത്തിൽ  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെടുമെന്ന് കമ്മീഷൻ അംഗം പി റോസ പറഞ്ഞു.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സിറ്റിങിനു ശേഷം സംസാരിക്കുകയായിരുന്നു പി റോസ.
വില്ലേജ് ഓഫീസുകളിൽ നിന്നും സർട്ടിഫിക്കറ്റുകൾ നൽകാത്തതിനാൽ ലത്തീൻ കത്തോലിക്കാ വിഭാഗത്തിലുള്ളവരുടെ കുട്ടികൾക്ക് അർഹമായ പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നാണ് കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നത്. സംസ്ഥാനത്ത് ആകെയുള്ള പൊതുവായ പ്രശ്നമാണെന്നും ആവശ്യമായ ഇടപെടലുകൾ  കമ്മീഷൻ നടത്തുമെന്നും അവർ പറഞ്ഞു.
അങ്കണവാടിയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കിട്ടുന്നില്ലെന്ന പരാതിയിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടു.
കമ്മീഷൻ സിറ്റിങിൽ പരിഗണനയിൽ വന്ന  12 പരാതികളിൽ  ഒരെണ്ണം തീർപ്പാക്കി. പുതിയതായി ലഭിച്ച ഒരു പരാതി കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. ബാക്കിയുള്ള  പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും.

About The Author