കണ്ണൂർ വിമാനത്താവളത്തിൽ മയിലുകളെ പിടികൂടാൻ തീരുമാനം

കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാഭീഷണിയായ മയിലുകളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മയിലുകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കുന്നുണ്ട്. റൺവേയിൽ പറന്നിറങ്ങുന്ന മയിലുകൾ കണ്ണൂരിൽ വലിയ പ്രശ്നക്കാരാണ്. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിൽ വൻ അപകട ഭീഷണി. മയിലുകളെത്തുന്നത് പതിവായതോടെയാണ് അവയെ ഒഴിവാക്കുന്നത് എങ്ങനെയെന്ന് ആലോചന തുടങ്ങിയത്.

ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയായതിനാൽ പ്രത്യേക അനുമതി വേണം. അങ്ങനെയാണ് വനം മന്ത്രി തന്നെ യോഗം വിളിച്ചത്. മയിലുകളെ പിടികൂടി മാറ്റാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിലെ പുൽത്തകിടികൾ വെട്ടാനും  പ്രത്യേകം ജീവനക്കാരെ നിയമിക്കും. 2500 ഏക്കറിലാണ് മട്ടന്നൂർ മൂർഖൻ പറമ്പിലെ വിമാനത്താവളം.

കുറ്റിക്കാടുകളേറെയുള്ള പ്രദേശത്ത് കുറുനരിയും പന്നിയുമെല്ലാമുണ്ട്. വിമാനത്താവളം വന്നപ്പോൾ കുറുനരിയുടെ എണ്ണം കുറഞ്ഞതോടെ മയിലുകൾ പെരുകിയതാവാം എന്നാണ് വനം വകുപ്പ് പറയുന്നുത്. അതേസമയം വിമാനത്താവളത്തിൽ നിന്നും മയിലിനെ ഇനി പിടികൂടിയാലും യോജിച്ച ആവാസവ്യവസ്ഥയിൽ തുറന്നുവിടുന്നതും വെല്ലുവിളിയാകും.

About The Author