കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം
ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. 1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി.
മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. മെയ് 27ന് ഇന്ത്യയുടെ മിഗ് 21പാകിസ്താൻ സൈന്യം വെടിവച്ചുവീഴ്ത്തി. മിഗ് 27 പാക് സൈന്യം പിടിച്ചെടുത്തു. ജൂൺ 9 ന് ഇന്ത്യൻ സൈന്യം പോസ്റ്റുകളും ജൂൺ 13 ന് ടൊളോലിംഗും ഇന്ത്യ തിരിച്ചു പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു.
ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് രണ്ടരമാസം നീണ്ടു നിന്നു. പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചത് ജൂലൈ 26ന് ഔദ്യോഗികപ്രഖ്യാപനം എത്തി. ഓപ്പറേഷൻ വിജയ് വിജയിച്ചു. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഏറ്റുമുടിലൂടെയാണ് ഇന്ത്യൻ സൈന്യം കാർഗിലിൽ ഐതിഹാസിക വിജയം നേടിയത്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യം വിജയം കൈവരിച്ചത് ജീവൻ പണയം വച്ച് യുദ്ധമുഖത്തിറങ്ങി ധീരജവാൻമാരുടെ അതിസാഹസികമായ പോരാട്ടത്തിലൂടെയാണ്.