വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

വയനാട് മാനന്തവാടി ദ്വാരക എ യു പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പനിയും വയറിളക്കവും ഛർദിയും അനുഭവപ്പെട്ട 143 വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. ഇന്നലെ രാവിലെ സ്കൂളിലെത്തിയ ചില കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥതകൾ ഉണ്ടായത്. വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവുമുണ്ടായതോടെ കൂടുതൽ കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാ‌യിരുന്നു.

ദ്വാരക എയുപി സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചതിനുശേഷമാണ് കുട്ടികൾക്ക് പനിയും ഛർദിയും തലവേദനയും തളർച്ചയും ഉണ്ടായതെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂളിൽ നിന്ന് നൽകിയ തൈരിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയുടെ കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വയനാട് ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

About The Author