‘രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നു’; ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും, അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരൊക്കെ വാഹനങ്ങളിൽ വലിയ ബോർഡും വച്ചാണ് യാത്ര നടത്തുന്നതെന്നും, അതിലൊടെ ഇവർ സാധാരണക്കാരെ രണ്ടാംതരം പൗരൻമാരായാണ് കാണുന്നതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ഹരിശങ്കർ വി.മേനോനും വിമർശിച്ചു.

ബോർഡ് വച്ച് പോകുന്നവർ സാധാരണക്കാരുടെ വാഹനങ്ങളുടെ പിന്നിൽവന്ന് ഹോണ്‍‍ മുഴക്കുകയും മര്യാദയ്ക്ക് വാഹനമോടിച്ചു പോകുന്നവരെ പൊലീസുകാർ ചീത്ത വിളിക്കുകയുമൊക്കെ കേരളത്തിലല്ലാതെ നടക്കുമോയെന്നും കോടതി ചോദിച്ചു. അടുത്തിടെ നടന്ന ഇത്തരം ഗതാഗത നിയമ ലംഘനങ്ങളിൽ എടുത്ത നടപടികൾ കോടതിയെ അറിയിക്കാനും നിർദേശിച്ചു.കേസ് നാളെ വീണ്ടും പരിഗണിക്കും.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിയമം ലംഘിച്ച് വാഹനങ്ങളിൽ ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുകയാണെന്നും, പിന്നെ അവരെങ്ങനെ നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. രാഷ്ട്രപതിക്കും ഭരണഘടനാ പദവിയിലിരിക്കുന്ന മറ്റുള്ളവർക്കും മാത്രമാണ് വാഹനത്തിൽ ദേശീയ ചിഹ്നം നിശ്ചിത ബോർഡിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നിലവിൽ ഉള്ളത്.

പ്രധാനമന്ത്രിക്കുപോലും ഇക്കാര്യത്തിൽ അനുമതിയില്ല. എന്നാൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരത്തിലുള്ള ബോർഡുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.പൊലീസും മോട്ടർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗവും സർക്കാരിന്റെ പിന്തുണയോടെ കൃത്യമായി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ചവറ കെഎംഎംഎല്ലിന്റെ എംഡിയുടെ വാഹനത്തിൽ അനധികൃത ബോർഡുകളും ഫ്ലാഷ് ലൈറ്റും പിടിപ്പിച്ചതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. അഴിച്ചു മാറ്റിയ ഫ്ലാഷ് ലൈറ്റും ബോർഡുകളും ഹാജരാക്കാനും കോടതി നിർദേശം നൽകി.

About The Author