മഹാരാഷ്ട്രയിൽ കനത്ത മഴ; വ്യോമ- റെയിൽ ഗതാഗതം തടസപ്പെട്ടു; നാല് ജില്ലകളിൽ റെഡ് അലർട്ട്

മുംബൈയിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറൻ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച്ച പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്ടം. ഇവിടങ്ങളിലെ ജനജീവിതവും ദുസ്സഹമായി. ശക്തമായ മഴയ്ക്ക് പിന്നാലെ അന്ധേരി സബ് വേ അടച്ചു. മുംബൈയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ വലഞ്ഞിരിക്കുകയാണ് മുബൈയിലെ ജനങ്ങൾ. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ഒഴുകി പോയി. ട്രെയിൻ, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്. താനെ, കുർള, ഘാട്‌കോപ്പർ, വസായ്, മഹദ് , ചിപ്ലൂൺ , കോലാപൂർ, സാംഗ്ലി, സത്താറ, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മുംബൈയിലും നവി മുംബൈയിലും താനെയിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇന്നലെ നടന്ന സംസ്ഥാന ദുരന്ത നിവാരണ സെല്ലിന്റെ അവലോകന യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, അടിയന്തര സാഹചര്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്നും കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലേക്ക് കടൽ വെള്ളം ഒഴുകുന്നത് തടയാൻ മിഥി നദിയുടെ തീരത്ത് ഫ്ളഡ് ഗേറ്റുകൾ സ്ഥാപിക്കുമെന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനായി സ്ഥലങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറിനിടെ സംസ്ഥാനത്തെ പല ജില്ലകളിലും 300 മില്ലീ മീറ്റർ അളവിന് മുകളിലാണ് മഴ പെയ്തത്. സീസണിലെ ആദ്യ മഴയിൽ തന്നെ ജനജീവിതം ദുസ്സഹമായത് കാലവർഷ മുന്നൊരുക്കത്തിലെ സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേ സമയം വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഷിൻഡെ പ്രതികരിച്ചു.

About The Author